പിറവം: സമ്മാനാർഹമായ 20 കോടിയുടെ ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടുവെന്ന പരാതിയുമായി കോടതിയെ സമീപിച്ച് റിട്ട. എഎസ്ഐ. പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ കെ.കെ. സജിമോനാണു കോടതിയെ സമീപിച്ചത്.
ശബരിമലയിലെ പ്രസാദമായ നെയ് അടങ്ങിയ പാത്രം ആന്ധ്രയിലേക്കു കൊറിയർ വഴി അയച്ചപ്പോൾ ഇതിനുള്ളിൽ 20 കോടി അടിച്ച ടിക്കറ്റുമുണ്ടായിരുന്നുവെന്ന് സജിമോൻ പറയുന്നു. നെയ് പാത്രം അടങ്ങിയ കവർ പായ്ക്ക് ചെയ്യുന്നതിന് ഏൽപ്പിച്ചതു പിറവത്തുള്ള കൊറിയർ സ്ഥാപനത്തെയാണ്. ഇവർ പായ്ക്ക് ചെയ്ത് അയയ്ക്കുകയായിരുന്നുവെന്ന് സജിമോൻ പറഞ്ഞു.
ഇതുസംബന്ധിച്ച് പിറവം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കൊറിയർ സ്ഥാപനത്തിനെതിരേ പിറവം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുകയാണ് സജിമോൻ. ടിക്കറ്റിന്റെ പുറത്തു തന്റെ വിലാസം എഴുതിയിട്ടുണ്ടെന്നാണ് പറയുന്നത്.
കാഞ്ഞിരപ്പള്ളിയിൽ ബന്ധുവീട്ടിൽ പോയപ്പോൾ അവിടെനിന്നാണു ടിക്കറ്റെടുത്തത്. 400 രൂപ വിലയുള്ള കഴിഞ്ഞ ക്രിസ്മസ് - പുതുവത്സര ബംപർ നറുക്കെടുത്തത് കഴിഞ്ഞ 24നാണ്. എക്സ് സി 138455 - നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്.
അതിനിടെ കഴിഞ്ഞദിവസം മറ്റൊരാൾ തിരുവനന്തപുരത്തെ ലോട്ടറി ഡയറക്ടറേറ്റിൽ സമ്മാനാർഹമായ ടിക്കറ്റ് ഏൽപ്പിച്ചതായി പത്രവാർത്ത വന്നിരുന്നു.
ഇതേത്തുടർന്ന് സമ്മാനാർഹമായ തുക നൽകുംമുമ്പ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ഹൈക്കോടതിയിലും സജിമോൻ പരാതി നൽകിയിട്ടുണ്ട്.